റിയാദ്: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി. ബാങ്കിനും ഇഖാമത്തിനും മാത്രമേ മസ്ജിദുകൾക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. ഉച്ചഭാഷിണികളുടെ ആംപ്ലിഫയറുകളിൽ മൂന്നിലൊന്നിൽ കൂടുതലായി ശബ്ദം കൂട്ടിവെക്കരുതെന്നും നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നാണ് പള്ളി ജീവനക്കാരോട് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
അതേസമയം, നമസ്‌കാരങ്ങൾക്കും ഖുതുബകൾക്കും ക്ലാസുകൾക്കും മറ്റും മസ്ജിദുകൾക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റമദാനിൽ മസ്ജിദുകളിൽ ഇഫ്താറുകൾ സംഘടിപ്പിക്കാൻ ഇമാമുമാരും മുഅദ്ദിനുകളും മസ്ജിദുകളിൽ എത്തുന്ന വിശ്വാസികളും സംഭാവനകൾ നേരിട്ട് ശേഖരിക്കുന്നതിനും വിലക്കുണ്ട്. ഇഫ്താർ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ സംഭാവനകൾ ശേഖരിക്കാൻ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചു.