സൗദിയിലെ ഫ്രഞ്ച് റസ്റ്റോറന്റ് ഹിജാബ് ധരിച്ച സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചു ! വ്യാപക പ്രതിഷേധം .

റിയാദ്: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണമായ ഹിജാബ് ധരിച്ചെത്തുന്ന സ്ത്രീകള്‍ക്കും സൗദിയിലെ പരമ്പരാഗത വേഷമായ തൗബ് അണിഞ്ഞെത്തുന്ന പുരുഷന്‍മാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജിദ്ദയിലെ ഫ്രഞ്ച് റെസ്റ്റൊറന്റ്. രാജ്യത്തിന്റെ വിശ്വാസവും പാരമ്പര്യവും അംഗീകരിക്കാത്ത റെസ്റ്റൊറന്റിന്റെ നടപടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മക്കയും മദീനയും ഉള്‍പ്പെടുന്ന ഇസ്ലാമിന്റെ ഒട്ടേറെ പുണ്യപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന സൗദിയില്‍ ഇത്തരമൊരു സംഭവം ആദ്യത്തെതാണ്.

ഹോട്ടലിന്റെ നടപടിക്കെതിരേ സാമൂഹിക മാധ്യമ ഉപയോക്താക്കളും ശക്തമായി രംഗത്തുണ്ട്. പ്രാദേശിക സംസ്‌ക്കാരത്തെ അവഹേളിക്കുന്ന രീതിയില്‍ നിലപാട് കൈക്കൊണ്ട റെസ്റ്റൊറന്റിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. ഇസ്ലാമിന്റെ കേന്ദ്രമായി അറിയപ്പെടുന്ന സൗദിയില്‍ ഇസ്ലാമിനെ അവഹേളിച്ചിരിക്കുകയാണ് സ്ഥാപനമെന്നും റെസ്റ്റൊറന്റിനെതിരേ നടപടി വേണമെന്നും ആവര്‍ ആവശ്യപ്പെട്ടു.

മതത്തെയും സംസ്‌ക്കാരത്തെയും ബഹുമാനിക്കാത്ത റെസ്റ്റൊറന്റിനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ഫെയ്‌സ്ബുക്ക് പേജില്‍ അമീറ അല്‍ ഖഹ്ത്താനി അഭിപ്രായപ്പെട്ടു. താരീഖ് അല്‍ ഇബ്‌ലീഷ് എന്ന ഫെയ്‌സ്ബുക്ക് യൂസറും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച് റെസ്റ്റൊറന്റ് ഉടമകളോ സൗദി അധികൃതരോ പ്രതികരിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.