പോസ്റ്റ് ഓഫിസിന് നേരെ ആക്രമണം: മന്ത്രി മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി

വടകര: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നടത്തിയ സമരത്തില്‍ വടകര പോസ്റ്റ് ഓഫിസ് ആക്രമിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.

2011 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വടകര ഹെഡ് പോസ്റ്റ് ഓഫിസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്‌ നടന്നത്.

തുടർന്ന്, മാര്‍ച്ചിനിടെ ഓഫിസിന് നേരെ നടന്ന അക്രമസംഭവത്തിലാണ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തത്. കേസിന്‍റെ വിചാരണക്കാണ് മന്ത്രി കോടതിയില്‍ ഹാജരായത്. പോസ്റ്റ് ഓഫിസ് ജീവനക്കാരെയും പൊലീസിനെയും വിസ്തരിച്ചു. രണ്ടാംതവണയാണ് മന്ത്രി കേസില്‍ കോടതിയില്‍ ഹാജരാവുന്നത്.

എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവന്‍, ടി. അനില്‍കുമാര്‍, പി.കെ. അശോകന്‍, കെ.എം. മനോജന്‍, കെ.കെ. പ്രദീപന്‍, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602