റോഡ് നിര്‍മ്മാണം വൈകിയാല്‍ യുഎല്‍സിസിക്ക് എതിരെ നടപടി എടുക്കും;ഊരാളുങ്കല്‍ സൊസൈറ്റിയെ വിമര്‍ശിച്ച് റിയാസ്?

തിരുവനന്തപുരം: ശംഖുമുഖം-വിമാനത്താവളം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചത് സിപിഐഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയേയെന്ന് റിപ്പോര്‍ട്ട്. മന്ത്രി വിമര്‍ശിച്ചത് ഊരാളുങ്കല്‍ സൊസൈറ്റിയെ ആണെന്നാണ് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.റോഡ് നിര്‍മ്മാണം വൈകിയാല്‍ യുഎല്‍സിസിക്ക് എതിരെ നടപടി എടുക്കുമെന്നാണ് കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നല്‍കിയത്.റോഡ് നിര്‍മ്മാണം വൈകിയതാണ് മന്ത്രി റിയാസിനെ ചൊടിപ്പിച്ചത്. ശംഖുമുഖം-വിമാനത്താവളം റോഡ് പണിയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ ഊരാളുങ്കലിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് മന്ത്രി റിയാസ് പ്രകോപിതനായത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചാല്‍ മാത്രമെ പ്രധാനികള്‍ക്ക് വരാന്‍ പറ്റുള്ളൂ എന്ന് യോഗത്തില്‍ മന്ത്രി ചോദിച്ചിരുന്നു. യുഎല്‍സിസിയുടെ സമീപനം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
”പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണ് മരാമത്തു വകുപ്പിന്റെ പ്രശ്നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും.” മന്ത്രി റിയാസ് യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എന്‍ജിനീയറും പങ്കെടുത്തിരുന്നു. കഴിഞ്ഞ 221 ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് അടഞ്ഞു കിടക്കുകയാണ്. കടല്‍ഭിത്തി നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയായ ശേഷം റോഡിന്റെ പണികള്‍ ആരംഭിക്കുമെന്നാണ് വിവരങ്ങള്‍. ഫെബ്രുവരിയില്‍ തന്നെ പണി പൂര്‍ത്തിയാക്കുമെന്ന് രേഖമൂലം ഉറപ്പുനല്‍കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.