റെയ്‌നക്ക് നായക സ്ഥാനം നഷ്ടമായത് ഒത്തുകളിയില്‍ പങ്കുണ്ടെന്ന കത്തിന്റെ പേരില്‍

 

മുംബൈ: സിംബാബ്‌വെ പര്യടനത്തില്‍നിന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെ ഒഴിവാക്കിയത് ലളിത് മോദിയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്ന് സൂചന. സിംബാബ്‌വെയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ സുരേഷ് റെയ്‌ന നയിക്കുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് വാതുവയ്പ്പില്‍ പങ്കുണ്ടെന്ന് കാട്ടി ലളിത് മോദി ഐസിസിക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌നയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ലളിത് മോദിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐയിലെ ഒരു ഉന്നതന്‍ റെയ്‌നയെ നായകനാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌നയെ പര്യടനത്തില്‍ നിന്നും ഒഴിവാക്കിയത്. വിശ്രമം അനുവദിക്കാനാണ് പര്യടനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നതെന്നായിരുന്നു ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ലളിത് മോദിയുടെ ആരോപണങ്ങളെ റെയ്‌ന നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ചതിന് മോദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റെയ്‌ന വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.