ഐപിഎല്‍ കേസ് പരിഗണിക്കുന്നത് ജൂലൈ 25ലേക്ക് മാറ്റി

 

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കേസ് പരിഗണിക്കുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി ജൂലൈ 25ലേക്ക് മാറ്റിവച്ചു. ഒട്ടേറെ രേഖകള്‍ കോടതിക്ക് പരിശോധിക്കേണ്ടതിനാലാണ് വിധിപറയുന്നത് മാറ്റിവച്ചത്. നേരത്തെ മേയ് 23നു വിധി പറയുന്നതു ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു.

അഡീഷനല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ, പ്രതിസ്ഥാനത്തുള്ളവര്‍ക്കു ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ഈ മാസം ആറുവരെ സമയം അനുവദിച്ചിരുന്നു.

ശ്രീശാന്തും അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിമും ഉള്‍പ്പെടെ 42 പേരാണ് കേസിലെ പ്രതികള്‍. ഇവരില്‍ 36 പേരെ മാത്രമാണ് പിടികൂടാനായത്. ദാബൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.