തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ടു തട്ടണമെന്ന് ദിലീപ്;ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റില്‍ ;ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തുള്ള പ്രോസിക്യൂഷന്‍ വാദം തുടരുന്നു.ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍.
ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണമെന്ന് ദിലീപ് സഹോദരന്‍ അനൂപിനോട് പറഞ്ഞു. ഇതിന്റെ ഓഡിയോ ക്ലിപ്പുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വീട്ടിലെ ഗൂഢാലോചനയ്ക്ക് പുറമെ എംജി റോഡിലെ മേത്തര്‍ ഹോമിലെ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ ഫ്ളാറ്റിലും പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ബൈജു പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇവിടെ വച്ച് പ്രതികള്‍ നടത്തിയത്. 2017 ഡിസംബറിലാണ് ഈ ഫ്ളാറ്റില്‍ വച്ച് ഗൂഢാലോചന നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വെറും ശാപ വാക്കല്ല ദിലീപ് പറഞ്ഞത്. പ്രതി ഉപയോഗിച്ച ചില വാക്കുകള്‍ ശാപ വാക്കായി കണക്കാക്കിയാല്‍ പോലും ‘പണി കൊടുക്കുമെന്ന്’ പറയുന്നത് ഒരിക്കലും അത്തരം പ്രയോഗമായി കാണാന്‍ പറ്റില്ല. ഗൂഡാലോചനയ്ക്ക് സാക്ഷിയുളള കേസാണിത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്ഥകളുളള കേസാണിത്. ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഡാലോചനയും തുടർനടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം.കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.