ദിലീപിന് കുരുക്ക് വീഴുമോ? ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍;വാദം ഇന്നും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള 6 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തുള്ള പ്രോസിക്യൂഷന്‍ വാദം ഇന്ന്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷന്‍ നിലപാട്.ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.ജസ്റ്റിസ് പി. ഗോപിനാഥ് ഇന്ന് ഒന്നേമുക്കാലിനാണ് ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കുക.അതേസമയം ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് കേസ് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍. രണ്ട് മണിക്കൂര്‍ വരെ നീണ്ടു ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ വാദങ്ങള്‍. വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. സംഭാഷണം റെക്കോര്‍ഡ് ചെയ്തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.