ഈ ഓണത്തിലെ താരരാജാവ് ആരാവും..? ലാലേട്ടനോ..? മമ്മൂക്കയോ..?

ഓണം റിലീസുകളെത്തും മുൻപേ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ ‘ഓണത്തല്ല്’ തുടങ്ങി. പണ്ട്  എതിർ താരത്തിന്റെ സിനിമകളുടെ പോസ്റ്റർ വലിച്ച് കീറിയും പോസ്റ്ററിൽ ചാണകം മെഴുകിയുമൊക്കെയായിരുന്നു ആഘോഷമെങ്കിൽ ഇപ്പോൾ നവമാദ്ധ്യമങ്ങളായ ഫേസ് ബുക്കിനെയും ട്വിറ്ററിനെയും വാട്സാപ്പിനെയുമൊക്കെയാണ് ആരാധകർ കൂട്ടുപിടിച്ചിരിക്കുന്നത്.
Loham-movie-poster-mohanlal-new-look-6
സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ എതിർ താരത്തെ അധിക്ഷേപിക്കുന്ന വാചകങ്ങളടങ്ങിയ ഫ്‌ളക്സ് ബോർഡുകൾ സമീപകാലത്ത് വീണ്ടും വ്യാപകമായിരുന്നു. ഇതൊഴിവാക്കാൻ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ അനൗദ്യോഗികമായി നടത്തിയ ചർച്ചകൾ എങ്ങുമെത്താതെ പോയതിനെത്തുടർന്നാണത്രെ നവമാദ്ധ്യമങ്ങളിൽ ചെളിവാരിയെറിയുന്ന കലാപരിപാടി വ്യാപകമായത്. മമ്മൂട്ടിയുടെ കമൽ ചിത്രമായ ഉട്ടോപ്യയിലെ രാജാവും, മോഹൻലാലിന്റെ രഞ്ജിത്ത് ചിത്രമായ ലോഹവുമാണ്ഓണക്കാലത്ത് മത്സരിക്കാനെത്തുന്നത്.

Utopiayile-Rajavu

കള്ളക്കടത്തിന്റെ കഥയല്ല കള്ളം കടത്തുന്ന കഥയാണ് എന്നതാണ് ലോഹത്തിന്റെ പോസ്റ്ററുകളിലെ ക്യാച്ച് വേർഡ്. കള്ളവും കള്ളക്കടത്തുമില്ലാതെ രാജാവെത്തുന്നു അങ്ങ് ഉട്ടോപ്യയിൽ നിന്ന് എന്നായിരുന്നു ഈ ക്യാച്ച് വേർഡിന് ബദലായി മമ്മൂട്ടി ആരാധകർ ഇറക്കിയ പോസ്റ്റർ. ഉട്ടോപ്യയിൽ നിന്നല്ല അങ്ങ് യമലോകത്ത് നിന്നായാലും ഈ കള്ളം നമ്മൾ കടത്തിയിരിക്കും എന്നായിരുന്നു. ഈ പോസ്റ്ററിന് ബദലായി മോഹൻലാൽ ആരാധകർ ഫേസ് ബുക്കിലും വാട്സാപ്പിലും ഇട്ട ബദൽ പോസ്റ്റർ  ഉട്ടോപ്യയിലേക്ക് കള്ളക്കടത്ത് നടത്താൻ ഏതവൻ വന്നാലും അവന്റെ മീശയൊടിച്ച് യമലോകത്തേക്ക് പറഞ്ഞയയ്ക്കും നമ്മുടെ രാജ എന്ന മറുപടി പോസ്റ്റർ പിന്നാലെവന്നു. ‘കള്ളവും, കള്ളക്കടത്തുമല്ല വേണേൽ ഉട്ടോപ്യയിലെ രാജാവിനെയും കടത്തു’മെന്നായിരുന്നു ഈ പോസ്റ്ററിന്റെ മറുപടി പോസ്റ്റ്.

ഉട്ടോപ്യയിലെ രാജാവ് ഉത്രാടനാളിലാണ് തിയേറ്ററുകളിലെത്തുന്നത്. ലോഹവും മറ്റു ഓണചിത്രങ്ങളായ കുഞ്ഞിരാമായണവും ജമ്നാപ്യാരിയും ഡബിൾ ബാരലുമൊക്കെ ഓണത്തിന് ഒരാഴ്ചമുൻപേ തിയേറ്ററിലെത്തും. പിള്ളേരൊക്കെ നേരത്തേയെത്തും രാജാവ് ഓണത്തിനും എന്നാണ് ഫാൻസ് പോരിൽ ഒടുവിൽ വന്ന ഫേസ് ബുക്ക്  വാട്സാപ്പ് പോസ്റ്റ്. എന്നാൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും രജിസ്റ്റർ ചെയ്ത ഫാൻസ് അസോസിയേഷനുകളുടെ പേരിലല്ലാതെ പ്രചരിക്കുന്ന ഇത്തരം പോസ്റ്റുകൾക്ക് പിന്നിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന നിലപാടാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്ക്. അതേസമയം ഉട്ടോപ്യയിലെ രാജാവിന്റെയും ലോഹത്തിന്റെയും ചിത്രങ്ങളുൾപ്പെടുത്തി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മലയാള സിനിമയുടെ രാജാവും തമ്പുരാനും ഒന്നിച്ചിറങ്ങുന്ന ഓണം എന്ന കാപ്ഷനോടുകൂടി പോസ്റ്റ് ചെയ്ത പോസ്റ്റർ ഓണത്തല്ലിനിടയിൽ വേറിട്ട് നിൽക്കുന്നു

Courtesy:Keralakoumudi

© 2024 Live Kerala News. All Rights Reserved.