കുടിവെള്ള ക്ഷാമത്തില്‍ വലയുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്‍റുമായി നടന്‍ മോഹന്‍ലാല്‍

എടത്വ: കുടിവെള്ള ക്ഷാമത്തില്‍ വലയുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്‍റുമായി നടന്‍ മോഹന്‍ലാല്‍. കുട്ടനാട്ടിലെ എടത്വ ഒന്നാം വാര്‍ഡിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൌണ്ടേഷന്‍ കുടിവെള്ള പ്ലാന്‍റ് സ്ഥാപിച്ചത്. ഈ മേഖലയിലെ 300 ഓളം കുടുംബങ്ങള്‍ക്കും സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുമാണ് ഈ പ്ലാന്‍റില്‍ നിന്ന് കുടിവെള്ളമെത്തുക. പൂര്‍ണമായും സൌരോര്‍ജത്തിലാണ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം.

ഒരു മാസം 9 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ശേഷിയുള്ളതാണ് പ്ലാന്‍റ്. ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡ് മുഖേന സൌജന്യമായി കുടിവെള്ളം ഉപയോഗിക്കാനാവും. ബാറ്ററികള്‍ ഉപയോഗിക്കാതെ ഗ്രിഡിലേക്ക് വൈദ്യുതി നേരിട്ട് നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് പൂര്‍ണമായും പ്രകൃതി സൌഹാര്‍ദ്ദമാണ്.

കുട്ടനാട്ടിലെ ഭൂജലത്തില്‍ സാധാരണമായി കാണുന്ന ഇരുമ്പ്, കാല്‍സ്യം, ക്ലോറൈഡ്, ഹെവി മെറ്റല്‍സ് എന്നിവ നീക്കി കോളിഫോം, ഇ കൊളൈ എന്നീ ബാക്ടീരിയകളേയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്‍റ്. ലോക പരസിഥിതി ദിനത്താലണ് പ്ലാന്‍റ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.