എഫ്.ഐ.ആര്‍ നിലനില്‍ക്കില്ല;വീട്ടില്‍ പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും;റെക്കോര്‍ഡ് ചെയ്ത ടാബ് എവിടെ? ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുമ്പോള്‍ പുതിയ വാദമുഖങ്ങളുമായി ദിലീപ്. അന്വേഷണഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അനിയനും അളിയനുമൊപ്പം ഇരിക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞ കാര്യം ഗൂഢാലോചനയുടെ പരിധിയില്‍ എങ്ങനെ വരുമെന്നും റെക്കോര്‍ഡ് ചെയ്തെന്നു പറയുന്ന ബാലചന്ദ്രകുമാറിന്റെ ടാബ് എവിടെയെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു.താനാര്‍ക്കുമെതിരെ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും എന്നാല്‍ മറിച്ച് തനിക്കെതിരെയാണ് അത് സംഭവിച്ചതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ഒരു അന്വേഷണ ഉദ്യോഗസ്ഥനും തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് വൈരാഗ്യം തീര്‍ക്കുന്നത്. ഇത്തരമൊരു കേസ് തന്നെയില്ല. എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളി പറഞ്ഞു.ആരോപണങ്ങള്‍ വളരെ ദുര്‍ബലമാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴി വ്യാജമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.