വാവാസുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി;വെന്റിലേറ്ററില്‍ നിന്ന് മാറ്റി;സംസാരിച്ചു

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാസുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. വാവാ സുരോഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു .വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടേഴ്സിനോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. എന്നാല്‍, ചുരുക്കം ചില രോഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നീരീക്ഷിക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിക്കുകയാണ് എന്നും ആശുപത്രി അധികൃര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും ഒരാഴ്ചയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.തിങ്കളാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ആരോഗ്യ നില മോശമാവുകയും ചെയ്തു. പിന്നാലെ മരുന്നുകളുടെയും ആന്റി സ്‌നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.തിങ്കളാഴ്ച രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയില്‍ വെച്ചാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.കടിയേറ്റ ശേഷവും പതറാതെ പാമ്പിനെ പിടികൂടിയ ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്ക് തിരിച്ചത്.

© 2024 Live Kerala News. All Rights Reserved.