വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി;അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാസുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍ പറഞ്ഞു.വാവ സുരേഷ് വെന്റിലേറ്ററില്‍ തന്നെ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇനിയും ആന്റിവെനവും , ആന്റിബയോട്ടിക്കും, നുട്രീഷന്‍ സപ്പോര്‍ട്ടും, ഫിസിയോ തെറാപ്പി നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.വാവ സുരേഷിന് യാത്രാ മധ്യേ തന്നെ ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടര്‍.സ്വകാര്യ ആശുപത്രിയിലെത്തുമ്പോള്‍ ഹൃദയമിടിപ്പ് 20 മാത്രമായിരുന്നു. എത്രമാത്രം സമയം തലച്ചോറിലേക്ക് രക്തയോട്ടം ഉണ്ടായില്ല എന്നതെല്ലാം വിലയിരുത്തിയ ശേഷം മാത്രമേ തുടര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാം ഉണ്ടാകാം എന്നതിനെ കുറിച്ച് അറിയാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ന് ആദ്യം പ്രതികരണം കുറവായിരുന്നുവെങ്കിലും നിലവില്‍ ചോദ്യങ്ങളോടും മറ്റും പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അടുത്ത 48 മണിക്കൂര്‍ വരെ നിര്‍ണായകമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.ഇന്നലെ വൈകിട്ടും ,ഇന്ന് രാവിലെയും സുരേഷിന്റെ ആരോഗ്യ നില അല്‍പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നുവെങ്കിലും ഇന്നുച്ചയോടെ ആരോഗ്യനിലയില്‍ പുരോഗതി കൈവന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു

തിങ്കളാഴ്ച രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയില്‍ വെച്ചാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.കടിയേറ്റ ശേഷവും പതറാതെ പാമ്പിനെ പിടികൂടിയ ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്ക് തിരിച്ചത്.

© 2024 Live Kerala News. All Rights Reserved.