വാവ സുരോഷ് അബോധാവസ്ഥയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് സ്വകാര്യതാ ലംഘനം;ചിത്രീകരിക്കാന്‍ അധികാരം നല്‍കിയത് ആരാണ്? ആരോഗ്യമന്ത്രി നടപടി സ്വീകരിക്കുമോ? ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു

കോട്ടയം:മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാസുരേഷിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെതിരെ പ്രതികരിച്ച് ശ്രീജിത്ത് പണിക്കര്‍.

ശ്രീജിത്ത് പണിക്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആരോഗ്യമന്ത്രി നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ചില മര്യാദകളുണ്ട്.അബോധാവസ്ഥയിലും തന്റെ സ്വകാര്യതയ്ക്ക് ഭരണഘടനാപരമായ അവകാശമുള്ള ആളാണ് ഏതൊരു രോഗിയും. അയാളുടെ അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സ്വകാര്യതാ ലംഘനമാണ് എന്നു മാത്രമല്ല, അധാര്‍മ്മികവുമാണ്. ഒരാള്‍ക്ക് കിട്ടുന്ന മോശം പരിചരണത്തെ തുറന്നുകാട്ടാന്‍ ആണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് എങ്കില്‍ അതിലൊരു യുക്തിയെങ്കിലും ഉണ്ട്.വാവ സുരേഷ് വെന്റിലേറ്റര്‍ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍ അതിനുള്ളില്‍ നിന്ന് അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ആരാണ് ചിത്രീകരിക്കുന്നത്? അവര്‍ക്ക് അതിനുള്ള അധികാരം നല്‍കിയത് ആരാണ്? ദൃശ്യത്തില്‍ നിന്നുതന്നെ വ്യക്തമാകുന്ന കാര്യം തന്നെ ചിത്രീകരിക്കാന്‍ അനുവാദം നല്‍കാനുള്ള അവസ്ഥയില്‍ ആയിരുന്നില്ല വാവ എന്നതാണ്.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടെങ്കില്‍ ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം, ശ്രീമതി വീണാ ജോര്‍ജ്? അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

© 2024 Live Kerala News. All Rights Reserved.