കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണുകള്‍ കോടതിക്ക് നല്‍കി. അഭിഭാഷകര്‍ മുഖേനയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് വിവരം നല്‍കിയത്. ഫോണുകള്‍ ഏത് ലാബില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് കോടതി അല്‍പ്പസമയത്തിനുള്ളില്‍ തീരുമാനിക്കും.ഇന്ന് അഞ്ച് മണിക്കു മുമ്പായി പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തി പാറ്റേണ്‍ നല്‍കാന്‍ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണമെന്ന് ഇന്നലെ ഹൈക്കോടതി പ്രതികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എസ്പി മോഹനചന്ദ്രനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.