നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തണമെന്ന് ക്രൈബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഫോണുകള്‍ കോടതി നേരിട്ട് സൈബര്‍ ഫോറന്‍സിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണ സംഘത്തലവനായ എസ് പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നല്‍കിയത്. ആറ് ഫോണുകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്നാണ് ക്രൈബ്രാഞ്ച് ആവശ്യം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ രാത്രിയോടെ എത്തിച്ചിരുന്നു. ഫോണുകള്‍ നല്‍കണമോയെന്ന് ഇനി മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം. പ്രതികളെ കസ്റ്റഡിയില്‍ വേണം മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി കൈമാറണം എന്നിവയായിരുന്നു ഹൈക്കോടതിയില്‍ ദിവസങ്ങളായുള്ള പ്രോസിക്യൂഷന്റെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇതിലൊന്നും തീരുമാനം എടുക്കാതെയായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പന്ത്രണ്ടായിരം കോളുകള്‍ ചെയ്ത ഫോണിനെക്കുറിച്ച് പോലും അറിയില്ലെന്നാണ് പ്രതികള്‍ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 31 വരെ ഈ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. നിലവില്‍ ഹാജാരാക്കിയ ഫോണുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്നും ഡിജിപി വാദിച്ചിരുന്നു.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.