കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റിന് കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈപ്പറ്റാം.ദിലീപ് ഹാജരാക്കിയ ആറ് ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഐഎംഇ ഐ നമ്പര്‍ ഒത്തുനോക്കിയായിരുന്നു പരിശോധന.ദിലീപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡിജിപി കോടതിയോട് ആവശ്യപ്പെട്ടു. കൂടാതെ, 7 ഫോണുകളില്‍ 6 എണ്ണം മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാജരാക്കാത്ത ഫോണില്‍ 12,000ത്തിലധികം കോളുകള്‍ വന്നിട്ടുണ്ട്. അപ്പോള്‍ ആ ഫോണിനെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് പ്രതിഭാഗം എങ്ങനെ പറയും എന്നും ഡിജിപി കോടതിയില്‍ ചോദിക്കുന്നു. ഇന്നും പ്രതികളുടെ ഫോണിനെ കേന്ദ്രീകരിച്ച് തന്നെയാണ് വാദം നടന്നത്.