കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റിവെച്ച് കോടതി. നാളേക്കാണ് വാദം മാറ്റിയത്. ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഫോണുകള്‍ മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം എന്ന് കോടതി നിരീക്ഷിച്ചു.
ദിലീപ് സഹകരിക്കുന്നില്ലെന്നും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. മുമ്പുള്ളതിനേക്കാള്‍ തെളിവുകള്‍ പ്രതികള്‍ക്കെതിരെ ലഭിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. ജൂനിയര്‍ അഭിഭാഷകന്‍ മുഖേനയാണ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറിയത്.ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. അതേസമയം കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന ഫോണ്‍ കൈമാറിയില്ല.