കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബത്തിന്റെ പരാതി.എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്‌റര്‍ നടത്തിയിരുന്ന കോടാലി സ്വദേശി സലീഷ് 2020 ഓഗസ്റ്റ് 30 നാണ് റോഡപകടത്തില്‍ മരിച്ചത്.എറണാകുളം പെന്റ മേനകയിലായിരുന്നു ഇയാള്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ കടയിലായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്നത്.കാറപകടമല്ല കരുതി കൂട്ടിയുള്ള കൊലപാതകമാണെന്നും മരണത്തിന് പിന്നില്‍ ദിലീപിന് പങ്കുണ്ടോ എന്നുള്ള തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് സലീഷിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സലീഷിന്റെ ജ്യേഷ്ഠന്‍ ശിവദാസാണ് പരാതി നല്‍കിയത്.അങ്കമാലിയില്‍ ഒരു മരത്തിന് സമീപം കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഒരു സാധാരണ കാറപകടം എന്ന നിലയിലാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ദിലീപ് കോടതിയില്‍ ഹാജരാക്കി.