ന്യൂഡല്‍ഹി: മൂന്നാം തരംഗത്തില്‍ പ്രതിവാര കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.2.09 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ മരണസംഖ്യ ഉയരുന്നു.959 കോവിഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.മരണസംഖ്യ 41 ശതമാനമാണ് ഉയര്‍ന്നത്. 2,62,628 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടുകയും ചെയ്തു.രാജ്യത്ത് കൊവിഡ് വ്യാപനം മൂന്നാം തരംഗത്തില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും കേസുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തില്‍ 10 ശതമാനത്തോളം കുറവുണ്ടായിരുന്നു. അതേസമയം ഇന്നലെ വരെയുള്ള ആഴ്ചയില്‍ ടിപിആര്‍ 15.68 ശതമാനം ഇടിഞ്ഞു. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ 17.28 ശതമാനം ടിപിആര്‍ ഇടിഞ്ഞിരുന്നു.ജനുവരി 17 മുതല്‍ 23 വരെയുള്ള ആഴ്ചയില്‍ രാജ്യത്തെ 21.7 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞാല്‍ അത് വളരെയേറെ ആശ്വാസകരമാകും. ജനുവരി 24 നും 30നുമിടയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3770 ആണ്. ജനുവരി 17 നും 23 നുമിടയില്‍ മരിച്ചവരുടെ എണ്ണം 2680 ആണ്. 1,66,03,96,227 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ് അതീവരൂക്ഷമായ മഹാരാഷ്ട്ര, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുറയുകയാണ്.കേരളത്തില്‍ രോഗികളുടെ എണ്ണം ഇപ്പോഴും 50,000ത്തിന് മുകളില്‍ തുടരുകയാണ്.