ദിലീപിന്റെയും മറ്റ് പ്രതികളുടേയും ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ ഫോണ്‍ കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന് അന്വേഷണം സംഘം.ദിലീപ്, അനിയന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഫോണുകള്‍ മാറ്റിയത്. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ തലേദിവസം തന്നെ ഇങ്ങനെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന സൂചന പ്രതികള്‍ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണുകള്‍ മാറ്റിയത്.നിലവില്‍ എവിടെയാണ് ഫോണ്‍ ഉള്ളത് എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് ആപ്പിള്‍ ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയത്.മൊബൈല്‍ ഫോണുകള്‍ അന്നുമുതല്‍ തന്നെ സ്വിച്ച് ഓഫാണ്. ഇന്ന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കാനിരിക്കെയാണ് ഫോണുകള്‍ മാറ്റിയെന്ന വിവരം പുറത്ത് വരുന്നത്.ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈകോടതി ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറുന്നത് അപകടകരമാണെന്നുമായിരുന്നു ദിലീപിന്റെ വാദം.തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അത് ശേഖരിക്കാനായി താന്‍ ആ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ ഡിഫന്‍സിന് ഈ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.