കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ണായക നീക്കം. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണസംഘം. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം.വളരെ സുപ്രധാനമായ ഒരു നീക്കമാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. പള്‍സര്‍ സുനി എഴുതിയ കത്ത് സുനിയുടെ അമ്മ പുറത്ത് വിട്ടിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു. ”എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ. യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം.” കത്തില്‍ പറയുന്നു. നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി. ദിലീപ് ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.