ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി;അതുവരെ അറസ്റ്റിന് വിലക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ചെങ്ങമനാട് സ്വദേശി ബൈജു, അപ്പു, ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് മാറ്റിയിരിക്കുന്നത്.അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി മാറ്റിവെച്ചത്. കെട്ടിചമച്ച കേസും വ്യാജ തെളിവുകളുമായി പൊലീസ് തങ്ങളെ വേട്ടയാടുന്നുവെന്നാണ് പ്രതികളുടെ ആരോപണം.എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രോസിക്യൂഷന്‍ തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും അന്വേഷണ സംഘം ഉയര്‍ത്തിയേക്കും.കേസുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകൾ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോൺ ഹാജരാക്കാൻ സാധിക്കില്ലെന്നും തന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമാണ് ദിലീപിന്റെ വാദം. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണിൽ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നൽകിയ മറുപടിയിൽ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.