ദിലീപിന് ഇന്ന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റേതടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ചെങ്ങമനാട് സ്വദേശി ബൈജു, അപ്പു, ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇന്ന് നിലപാട് അറിയിക്കുക. കെട്ടിചമച്ച കേസും വ്യാജ തെളിവുകളുമായി പൊലീസ് തങ്ങളെ വേട്ടയാടുന്നുവെന്നാണ് പ്രതികളുടെ ആരോപണം.എന്നാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നാണ് പ്രോസിക്യൂഷന്‍ തീരുമാനം. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും അന്വേഷണ സംഘം ഉയര്‍ത്തിയേക്കും. പ്രതികളുടെ ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മുദ്രവച്ച കവറിലാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.അസേസമയം, കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോണ്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്നും തന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമാണ് ദിലീപിന്റെ വാദം. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു.അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചത്. കേസിലെ നിര്‍ണായക തെളിവായ ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ഇന്നലെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഫോണുകള്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.