മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം;വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി 6 മാസം ഗര്‍ഭിണി

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് പതിനാറ് വയസുകാരിയുടെ വിവാഹം കഴിഞ്ഞത്. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായ യുവാവുമാണ് വിവാഹം കഴിച്ചത്. 6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നിട്ടും സംഭവത്തില്‍ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.