ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണ നീട്ടിവെയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ നീട്ടിവെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വിചാരണ കോടതിയാണെന്നും സുപ്രീം കോടതി ജഡ്ജി എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലില്‍ അന്വേഷിക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.അതേസമയം, വിചാരണ കോടതിക്ക് നീതുയക്തമായ തീരുമാനമെടുക്കാമെന്നും വിചാരണ നീട്ടണമെന്ന ആവശ്യവുമായി വിചാരണകോടതി എത്തിയാല്‍ ഇക്കാര്യം പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ രത്തോഗി സുപ്രീം കോടതിയില്‍ വാദിച്ചത്. ദിലീപെന്ന നടനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രത്തോഗി കോടതിയില്‍ വാദിച്ചു.എന്നാല്‍ ഇതിനെതിരെ ശക്തമായ വാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. വിചാരണ നീട്ടിവെയ്ക്കണമെന്ന അപേക്ഷ നല്‍കാന്‍ സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദിലീപ് നടി ആക്രമണ കേസില്‍ മുഖ്യ ആസൂത്രകനാണെന്നാണ് സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാര്‍ അടുത്തിടെ വെളിപ്പെടുത്തിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതി നിരന്തരം ശ്രമിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിചാരണ നിര്‍ത്തിവെച്ച് പഴുതടച്ച പുനരന്വേഷണം വേണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.