കൊച്ചി: നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെയും മറ്റുമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പിന്നിട്ടും. ഇപ്പോള്‍ പ്രതികളുടെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിട്ടുണ്ട്. നേരത്തെ ദിലീപിന്റെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണത്തിനാണ് ഇവരെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.അതേസമയം നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തി. നേരത്തെ സുനിയെ ജയിലിലെത്തി അമ്മ സന്ദര്‍ശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.