കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും മറ്റുപ്രതികളേയും ചോദ്യം ചെയ്യുന്നത് ഇന്നും തുടങ്ങി. 9 മണിക്കാണ് ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്.
ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് നല്‍കിയ മൊഴി. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.ചോദ്യം ചെയ്യലിനിടെ സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും എസ്പി പറഞ്ഞു. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ വാദം.ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍,സി.ടി. രവി കുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം