കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ കൃത്യമായ തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്ന് സൂചന നൽകി എഡിജിപി ശ്രീജിത്ത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ഇന്നലെ കോടതിയില്‍ നടന്നത് കണ്ടതാണല്ലോയെന്നും ഒന്നുമില്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് അതില്‍ നിന്നും മനസ്സിലാക്കാമല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം, ദിലീപിനെതിരായ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.ക്രൈം ബ്രാഞ്ചിന്റെ കൈയ്യില്‍ എന്തെല്ലാം ഉണ്ടെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് എഡിജിപി പറഞ്ഞു. ദിലീപ് നിസഹകരിച്ചാല്‍ അതും അന്വേഷണത്തിന് ഗുണകരമാകും. സഹകരിക്കുന്നത് മാത്രമല്ല കേസില്‍ വഴിത്തിരിവ് ഉണ്ടാക്കുകയെന്നും താരം നിസഹകരിച്ചാല്‍ ആ വിവരം കോടതിയെ അറിയിക്കുമെന്നും എഡിജിപി പറഞ്ഞു.തെളിവുകളെ പറ്റി ഇപ്പോള്‍ പുറത്തു പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിചേര്‍ത്ത അഞ്ച് പേരെയും ചോദ്യം ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കൂടുതല്‍ സമയം വേണമെങ്കില്‍ അത് കോടതിയോട് ആവശ്യപ്പെടും. കോടതിയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും പാലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.എഡിജിപിയും ഐജി ഗോപേഷ് അഗര്‍വാളും കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യലില്‍ ഇരുവരും ഭാഗമാകും. ഇതുവരെയുള്ള ചോദ്യം ചെയ്യല്‍ ഇവര്‍ വിലയിരുത്തുംഇന്ന് രാവിലെ രാവിലെ 9 മണിക്ക് തന്നെ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിയിരുന്നു. പിന്നാലെ തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ഹാജറായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദര ഭര്‍ത്താവ് സുരാജ്, സുഹൃത്ത് അപ്പു, ബൈജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.