നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് ദിലീപ്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ദിവസവും അഞ്ചോ ആറോ് മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി തനിക്ക് വെറും സിനിമാ ബന്ധം മാത്രമാണുള്ളതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗൂഢാലോചന അന്വേഷിക്കാന്‍ തടസം നില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളത്. ബാലചന്ദ്ര കുമാറിന്റേത് ഗുരുതരമായ വെളിപ്പെടുത്തലാണ്. അത് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. അന്വേഷണം സുഗമമായി നടക്കണം. ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണം തടയില്ലെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ദിലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമാണ്. പക്ഷേ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്ന് കരുതേണ്ടി വരുമെന്നും കോടതി വാദം കേള്‍ക്കുന്നതിനിടെ പരാമര്‍ശിച്ചു.നിലവില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമല്ല. അന്വേഷണം നടത്തുന്നതിന് കസ്റ്റഡി ആവശ്യമെന്ന് തോന്നുന്നില്ല. എന്നാല്‍ കേസ് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

© 2023 Live Kerala News. All Rights Reserved.