ദിലീപിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി;അവധിദിവസം പ്രത്യേക സിറ്റിങ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി ഹൈക്കോടതി. നാളെ രാവിലെ 10.15ന് ഹൈക്കോടതി നേരിട്ടു വിശദമായ വാദം കേള്‍ക്കും. നാളെ കോടതി അവധിയായതിനാല്‍ ഈ ഹര്‍ജിക്ക് മാത്രമായി സെപ്ഷ്യല്‍ സിറ്റിംഗ് നടത്തുമെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റി വച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.