നടിയെ ആക്രമിച്ച കേസ്; മുഖ്യസൂത്രധാരന്‍ ദിലീപ്; സാക്ഷികള്‍ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷന്‍ ചരിത്രത്തിലാദ്യം;മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.ലൈംഗിക പീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും, പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് പതിവില്ലാത്ത കാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ദിലീപിന് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും ഓരോഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.എന്തെങ്കിലും വ്യക്തിപരമായ താല്‍പര്യത്തിന് വേണ്ടിയോ വിരോധം കൊണ്ടോ അല്ല കേസെടുത്തതെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിന് കൃത്യമായ തെളിവുകളും മൊഴിയുമുണ്ടെന്നും അതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ഇത് ഗുരുതര സ്വഭാവമുള്ളതാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദ സാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫോറന്‍സിക് പരിശോധനക്ക് അയക്കേണ്ടതുണ്ട്.നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സഹോയത്തോടെയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 20 സാക്ഷികളാണ് കൂറുമാറിയത്.

© 2024 Live Kerala News. All Rights Reserved.