നടിയെ ആക്രമിച്ച കേസ്; 5 പുതിയ സാക്ഷികള്‍, 3 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി.അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി.12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പ്രോസിക്യൂഷന്‍ പാളിച്ചകള്‍ മറികടക്കാന്‍ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമൊഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്.16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നല്‍കിയത്.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.