ദിലീപിന് ആശ്വാസം;ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി; അത് വരെ അറസ്റ്റ് ചെയ്യില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ മറ്റുള്ളവര്‍.നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ദിലീപിനെതിരായ കേസ്.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് തന്നെ കോടതിയില്‍ ഹാജരായി. എന്നാല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളക്കഥ ആണെന്നും മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.

ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച റെയ്ഡുകള്‍ നടന്നത്. ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലും റെയ്ഡ് നടന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ പൊലീസ് മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനും ദിലീപിന്റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന.

© 2024 Live Kerala News. All Rights Reserved.