കുതിച്ചുയരുന്നു കോവിഡ്; രാജ്യത്ത് രണ്ടര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; ഏഴു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ;ഒമിക്രോണ്‍ 5,753

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയര്‍ന്നു.315 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,350 ആയി ഉയര്‍ന്നു. നിലവില്‍ 12,72,073 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 95.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 155.39 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്.രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 5,753 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 4.83 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തണം. വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും, വൈറസിനെതിരെയുള്ള പ്രധാന ആയുധം വാക്‌സിനാണെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.