ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തു;7 മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിച്ചു

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പൊലീസ് റെയ്ഡ് അവസാനിച്ചു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂര്‍ നീണ്ടു. പരിശോധന വിവരങ്ങള്‍ നാളെ കോടതിയെ അറിയിക്കും.ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നാണ് പൊലീസ് നിലപാട്.ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീടിന് പുറമെ അനുജന്‍ അനൂപിന്റെ വീട്ടിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയിലും പരിശോധന നടന്നിരുന്നു.നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുടെ തെളിവുകള്‍, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന കേസിലെ തെളിവുകള്‍ എന്നിവ തേടിയാണ് പരിശോധന. ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടില്‍ പരിശോധന നടത്തിയത്.

© 2024 Live Kerala News. All Rights Reserved.