ദിലീപിന്റെ നിര്‍മ്മാണകമ്പനിയിലും സഹോദരന്റെ വീട്ടിലും റെയ്ഡ്;നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‌റെ ഭാഗമായി ദിലീപിന്റെ വീടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും റെയ്ഡ്.ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അന്വേഷണം നടത്തുന്നത്.നിലവില്‍ കമ്പനി പൂട്ടികിടക്കുന്നതിനാല്‍ പരിശോധന വൈകുകയാണ്. അതേസമയം, ദിലീപിന്റെ വീട്ടില്‍ നടക്കുന്ന പരിശോധന ഒന്നരമണിക്കൂര്‍ പിന്നിട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് പരിശോധന.ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരിയാണ് ആദ്യം സ്ഥലത്തെത്തിയത്. ഇവരാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്. അതിന് മുമ്പേ തന്നെ അന്വേഷണ സംഘത്തില്‍ ചിലര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടിലുള്ളത്.അതേസമയം, ദിലീപും ഭാര്യ കാവ്യയും വീട്ടിലില്ല. ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് ലഭിക്കുന്ന വിവരം. അനൂപെത്തിയ സാഹചര്യത്തില്‍ ദിലീപ് എവിടെയാണെന്നത് സംബന്ധിച്ച് അനൂപില്‍ നിന്നും വിവരം തേടിയേക്കും. പന്ത്രണ്ട് മണിയോടെയാണ് പൊലീസ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ദിലീപിന്റെ വീട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടതും വി.ഐ.പി എന്ന് പറയുന്ന ആള്‍ എത്തിയെന്ന് പറഞ്ഞതും ഈ വീട്ടിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.