നടന്‍ ദിലീപിന്റെ വീട്ടില്‍ പോലീസ് പരിശോധന; നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടി അന്വേഷണ സംഘം

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടിലേക്ക് എത്തിയത്. റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.എന്നാൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മതിൽ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു. പിന്നീട് ദിലീപിൻ്റെ സഹോദരി സ്ഥലത്ത് എത്ത് ഉദ്യോഗസ്ഥ‍ര്‍ക്ക് വീട് തുറന്നു കൊടുത്തു. ഇതോടെ ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. പൊലീസുകാ‍ര്‍ക്കെതിരായ വധഭീഷണി കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണസംഘം ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് പൊലീസിൻ്റെ പരിശോധന എന്നാണ് വിവരം.പന്ത്രണ്ട് മണിയോടെയാണ് പൊലീസ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധനയെന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ദിലീപിന്റെ വീട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടതും വി.ഐ.പി എന്ന് പറയുന്ന ആള്‍ എത്തിയെന്ന് പറഞ്ഞതും ഈ വീട്ടിലായിരുന്നു.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയിരുന്നു.നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.കോടതിയില്‍ നിന്ന് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ അനുമതി വാങ്ങിച്ചിരുന്നെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നും ബാബു കുമാര്‍ പറഞ്ഞു.അതേസമയം, പള്‍സര്‍ സുനിയുടെ അമ്മയെ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതോടെയാണ് അമ്മയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

© 2024 Live Kerala News. All Rights Reserved.