അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ അനുഭവിക്കാന്‍ പോവുന്നത് നിങ്ങള്‍ കണ്ടോ;ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ; ദിലീപിന്റെയും വിഐപിയുടെയും ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും സംഘവും വകവരുത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്.നടന്‍ ദിലീപിന്റേയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നതാണ് ശബ്ദരേഖയിലെ ഹൈലൈറ്റ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.

റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ട ശബ്ദരേഖയിലുള്ളത്

ദിലീപ്: ‘അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്. വി.ഐ.പി: കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ’.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും'(ചിരിക്കുന്നു).

ദിലീപിന്റെ സഹോദരന്‍ അനൂപും വി.ഐ.പിയും തമ്മിലുള്ള സംഭാഷണം: ‘നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍’.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.

© 2024 Live Kerala News. All Rights Reserved.