നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു;ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലില്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്്.കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി പറയുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഒരേ കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചതും നടി ചൂണ്ടിക്കാട്ടുന്നു. കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആക്രമിക്കപ്പെട്ട നടി.നേരത്തെ കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് കോടതി മാറ്റി. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആര്‍പിസി173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയോട് ഈ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണമെന്ന് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.