സ്വീഡിഷ് പൗരനെ അപമാനിച്ച സംഭവം;പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരം;ടൂറിസം രംഗത്ത് തിരിച്ചടിയാകും;ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി

തിരുവനന്തപുരം: കോവളത്ത് പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു.ഇത് സര്‍ക്കാരിന്റെ നയമല്ല.വിഷയത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പ് വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ടൂറിസം രംഗത്തിന് തിരിച്ചടിയാവും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ പൊലീസിനെതിരെ സ്വീഡിഷ് പൗരനായ സ്റ്റീവ് ആസ് ബര്‍ഗ് രംഗത്തെത്തിയിരുന്നു.കേരള പൊലീസില്‍ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീവ് പറഞ്ഞു.മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാല്‍ പൊലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നുമാണ് സ്റ്റീവ് ആസ് ബര്‍ഗ് പറഞ്ഞത്.ന്യൂ ഇയറിനായി വാങ്ങിയ മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരികയായിരുന്ന സ്റ്റീവിനെ പൊലീസ് തടയുകയായിരുന്നു. സ്റ്റീവിന്റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം പൊലീസ് കണ്ടെത്തി.മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടെങ്കിലും ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പൊലീസിനോട് പറഞ്ഞു. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറഞ്ഞിരുന്നു. എന്നാല്‍, കുപ്പി കളയാതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളയുകയും നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കി കൊടുക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കുകയുമായിരുന്നു.

© 2024 Live Kerala News. All Rights Reserved.