ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം;പ്രതികള്‍ കേരളം വിട്ടെന്ന് എഡിജിപി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

ആലപ്പുഴ:ഷാന്‍, രഞ്ജിത് വധക്കേസിലെ പ്രതികള്‍ കേരളം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ.
പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികള്‍ മൊബൈല്‍ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താനാണ് പ്രഥമി പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ. ക്കാരെയും എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തിനല്‍കിയവരാണ് അറസ്റ്റിലായ ഭൂരിഭാഗം പേരും. ജില്ലയില്‍ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊലയാളികള്‍ പന്ത്രണ്ടംഗ സംഘമാണെന്ന് പകല്‍പോലെ വ്യക്തം. പക്ഷേ പിടികൂടാനാകുന്നില്ല. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ള സമയത്താണ് മണ്ണഞ്ചേരിയിലെ സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി എസ്ഡിപിഐ നേതാവ് ഷാനിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്.

© 2024 Live Kerala News. All Rights Reserved.