വീണ്ടും ചോരക്കളി; ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ട കൊലപാതകങ്ങള്‍; ഇന്നും നാളെയും നിരോധനാജ്ഞ;ജാഗ്രതയോടെ പോലീസ്

ആലപ്പുഴ :ആലപ്പുഴ ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍.ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍. ഇന്നലെ രാത്രി എസ്ഡിപിഐ നേതാവും, ഇന്ന് പുലര്‍ച്ചെ ഒരു ബിജെപി നേതാവും കൊല്ലപ്പെട്ടത്.ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനാണ് ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബിജെപി നേതാവായ രഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരുന്നു സംഭവം. രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളഉടെ വ്യത്യാസത്തിലാണ് 15 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത്.അതേസമയം ഷാനിന്റെ കൊലപാതകത്തിന്പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ആര്‍എസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി പറഞ്ഞു. ഇരു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനുമാണ്‌ നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.