ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി. കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ട് വൈകിപ്പിച്ച് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്ന് ആരോപിച്ചാണ് സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോപകുമാര്‍ അറിയിച്ചു.കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായ ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.