ആലപ്പുഴ: ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍.എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കസ്റ്റഡിയില്‍ ഉള്ളത്. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആംബുലന്‍സില്‍ നിന്നാണ് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പിടികൂടിയത്. എന്നാല്‍ ഇവരാണ് കേസിലെ പ്രതികളെന്ന സ്ഥിരീകരണം പൊലീസ് നല്‍കുന്നില്ല.താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സാണ് പൊലീസ് പിടികൂടിയത്.ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.അതേസമയം ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‌റാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടി കൊന്നത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ ഒരു സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.അതേസമയം, ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.