വീണ്ടും കടുവയിറങ്ങി; കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പതിനേഴായി; തിരച്ചില്‍ ഊര്‍ജ്ജിതം

മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയില്‍ ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി. കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊന്നു. വടക്കുംപാടം ജോണ്‍സണിന്റെ പശുവും പരുന്താനി സ്വദേശി ടോമിയുടെ ആടുമാണ് കൊല്ലപ്പെട്ടത്. ഇതോടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പതിനേഴായി.കടുവയെ പിടിക്കാനായി കുങ്കിയാനകളെ എത്തിച്ച് നടത്തിയ ശ്രമവും ആദ്യദിനം ഫലം കണ്ടില്ല. കുങ്കിയാനകളുടെ സഹായത്തോടെ കടുവയെ കൂട് വച്ച പ്രദേശത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. കടുവയെ നിരീക്ഷിക്കുന്നതിന് 3 ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ജനവാസ മേഖലകളില്‍ നിന്നും കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി. കടുവയെ പിടിക്കാനായി വനം വകുപ്പ് സ്ഥാപിച്ച കൂടിന് അടുത്താണ് കാല്‍പ്പാടുകള്‍ കണ്ടത്. കടുവയ്ക്കായുള്ള തിരച്ചില്‍ വനം വകുപ്പ് ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കടുവയുടെ ചിത്രം പുറത്തു വിട്ടു. ഇതില്‍ കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുള്ളതായി കാണാം. മുറിവുകള്‍ ഉള്ളതിനാല്‍ കാട്ടില്‍ പോയി ഇര തേടാന്‍ സാധിക്കാത്തത് കൊണ്ടായിരിക്കാം കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് എന്നാണ് നിഗമനം.

© 2024 Live Kerala News. All Rights Reserved.