ഏകദിന പരമ്പരയ്ക്കുണ്ടാകും; ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം അറിഞ്ഞത് ഏറ്റവും ഒടുവില്‍;രോഹിത് ശര്‍മയുമായി യാതൊരു പ്രശ്‌നവുമില്ല; തുറന്നടിച്ച് കോഹ്ലി

മുംബൈ:ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നു തന്നെ നീക്കുന്നത് സംബന്ധിച്ചു നേരത്തെ സംസാരിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സെലക്ടര്‍മാര്‍ തന്നോട് ഇതേക്കുറിച്ചു വെളിപ്പെടുത്തിയതെന്നും കോഹ്ലി പറഞ്ഞു.ഡിസംബര്‍ 26-ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി.അതേസമയം താനും രോഹിത് ശര്‍മയും തമ്മില്‍ ശീതയുദ്ധത്തിലാണെന്ന പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ കോഹ്ലി വിവാദങ്ങള്‍ക്ക് എല്ലാം തിരശീലയിടുകയും ചെയ്തു.നേരത്തെ കോഹ്ലിയെ ഏകദിന നായകസ്ഥാനത്തു നിന്നു നീക്കിയത് അദ്ദേഹവുമായി കൂടിയാലോചിച്ച ശേഷമാണെന്നാണ് ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഗാംഗുലി പറഞ്ഞത് അസത്യമാണെന്നാണ് കോഹ്ലി വെളിപ്പെടുത്തുന്നത്.”ട്വന്റി 20 ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച ശേഷം ഏകദിന ടീമിന്റെ നായകസ്ഥാനം സംബന്ധിച്ചു തന്നോട് ആരം സംസാരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ യോഗം ചേരുന്നതിനു ഒരു മണിക്കൂര്‍ മുമ്പാണ് എനിക്ക് ഫോണ്‍കോള്‍ വരുന്നത്. സംഭാഷണം അവസാനിപ്പിക്കവേയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്നതായി എന്നോട് അവര്‍ പറയുന്നത്. ഓക്കെ ഫൈന്‍ എന്നായിരുന്നു എന്റെ മറുപടി. യോഗം ചേര്‍ന്നതിനു ശേഷം ഞങ്ങള്‍ അല്‍പം സംസാരിച്ചു. അല്ലാതെ മറ്റൊരു തരത്തിലുമുള്ള കൂടിയാലോചനകള്‍ നടന്നിട്ടില്ല. എന്നെ മുന്‍കൂര്‍ അറിയിച്ചിരുന്നുമില്ല”- കോഹ്ലി പറഞ്ഞു.രോഹിത് ശര്‍മയുടെ കീഴില്‍ കളിക്കുന്നതില്‍ തനിക്കു വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ താനുമുണ്ടാകുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താന്‍ അവധിക്ക് അപേക്ഷിച്ചെന്ന വാര്‍ത്ത ആരോ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കോഹ്ലി പറഞ്ഞു

© 2024 Live Kerala News. All Rights Reserved.