മുംബൈ: ടീമിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് തന്റെ പണിയല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി. കരുണ്‍ നായരെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കൊഹ്‌ലി.
അതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞതാണ്. അവര്‍ അവരുടെ ജോലി ചെയ്യുന്നുവെന്നും കൊഹ്‌ലി സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ താനെന്തെങ്കിലും പറയണമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജോലി സെലക്ഷനല്ലെന്നും, ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ ചെയ്യുന്നുവെന്നും, തങ്ങളുടെ ജോലിയെന്തെന്ന് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടെസറ്റ് ടീമില്‍ ഉണ്ടായിട്ടും കരുണ്‍ നായരെ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിരുന്നില്ല. മാത്രമല്ല ടീമിലില്ലാതിരുന്ന ഹനുമ വിഹാരിയെ അവസാന ടെസ്റ്റിലിറക്കിയതും കരുണ്‍ നായരെ തഴഞ്ഞുകൊണ്ടായിരുന്നു.
സെവാഗിനുശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് പാതി മലയാളി കൂടിയായ കരുണ്‍ നായര്‍.