മൊഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍; സിഐക്കെകിരെ നടപടി വന്നേക്കും

കൊച്ചി: നിയമ വിദ്യാര്‍ത്ഥിനി വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൊഫിയയുടെ മരണത്തില്‍ പ്രതികള്‍ പൊലീസ് പിടിയിലായി. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് ബന്ധുവീട്ടില്‍ നിന്ന് ഇവരെ പിടികൂടയത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.ആത്മഹത്യപ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനുമാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സി.ഐ സുധീറിനുമെതിരെ നടപടി ആവശ്യപ്പെടുന്ന മോഫിയയുടെ ആത്മഹത്യാകുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് ആരോപണം.ആലുവ സ്റ്റേഷനില്‍ പരാതിക്കാരിയും അച്ഛനും എത്തിയപ്പോള്‍ സിഐ തന്റെ മുറിയിലേക്ക് വിളിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും വിളിച്ചുവരുത്തി പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കേസെടുക്കാത്തതെന്താണെന്ന് യുവതി പൊലീസിനോട് ചോദിച്ചു. സിഐ ഉത്തരം നല്‍കാതെ വീണ്ടും സംസാരിച്ചു. ഭര്‍ത്താവും സംസാരിച്ചു തുടങ്ങിയതോടെയാണ് യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയത്. സിഐ യുവതിയുടെ അച്ഛനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.ഭര്‍ത്താവിനും ആലുവ സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മത്യാക്കുറിപ്പ് എഴുതി വെച്ചാണ് മോഫിയ ജീവനൊടുക്കിയത്.ആരോപണം ഉയര്‍ന്നതിന് പിന്നാലെ സി.ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു.സി.ഐക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്. സി.ഐക്കെതിരെ നേരത്തെ മറ്റ് പരാതികളും ഉയര്‍ന്നിരുന്നു. ഉത്രക്കേസില്‍ വീഴ്ച വരുത്തിയതിനുള്ള ശിക്ഷാ നടപടിയായാണ് സുധീറിനെ ആലുവയിലേക്കു സ്ഥലം മാറ്റിയത്.

© 2024 Live Kerala News. All Rights Reserved.