മോഫിയ നേരിട്ടത് ക്രൂര പീഡനം; അടിമയെ പോലെ ജോലി ചെയ്യിപ്പിച്ചു;ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു;മാനസിക രോഗിയായി മുദ്രകുത്തി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ആലുവ: നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു.ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് അതി ക്രൂര പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നു. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. അശ്ലീല ചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ആവശ്യപ്പെടുകയും, മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ക്രൂരമായ പീഡനമാണ് മോഫിയ നേരിട്ടിരുന്നതെന്ന് മാതാപിതാക്കളും ആരോപിച്ചിരുന്നു.മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്.ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. അതേസമയം മോഫിയയുടെ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും. സി.ഐ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. സിഐ സുധീര്‍ കേസെടുക്കാന്‍ വൈകിയെന്നും, ഗുരുതര വീഴ്ച വരുത്തിയെന്നും വ്യക്തമാക്കുന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.